കണിക്കൊന്നയുടെ ദുഃഖം

By Vinish C Nair

പൂക്കളിറുത്തേക്കുമെങ്കിലും എങ്ങും പൂമണം പരത്തുമാ
മേടക്കാറ്റിനോടാക്കണിക്കൊന്നയന്നു ചൊന്നു മെല്ലെ
“കാഴ്ചകൾ പലതും കണ്ടു നീയിന്നിവിടെയുമെത്തി
പാവമീയെന്റെ കൊച്ചു പൂക്കളെയിറുത്തു ജനനിക്കായർപ്പിച്ചും
ഇളം പൂമണമൊഴുക്കിയുലകർക്കായ് പകർന്നു നൽകിയും
ഹസിച്ചും, മദിച്ചുമീവാടിയിൽ കുളിരലകളുയർത്തിയും
ഒടുവിലെന്നെ വിധുരയാക്കിയും നീ കടന്നുപോയിടാം
കേൾക്കുവാൻ നിനക്കു നേരമുണ്ടെങ്കിൽ, അതിന്നായ്‌
നിന്നുള്ളിന്നു കനിയുമെങ്കിൽ, പറഞ്ഞിടട്ടെ ഞാനെന്നാത്മദുഃഖങ്ങൾ
രാജ്ഞിയായ് വന്നിരുന്നു ഞാൻ പണ്ടൊരു കാലം; ഇലകളെ,
യെൻ നേർത്ത ശിഖരങ്ങളെ കാണാനാവുമായിരുന്നില്ല പൂക്കളാൽ
മേടം പൊന്നണിയിച്ചെന്നെയഭിഷേകം ചെയ്ത നാളിൽ
കിളിയും ശലഭവും സമൃദ്ധമായ് തേനുണ്ടു ലസിച്ചു വസിച്ചു പോന്നു
നന്മനേരും വിഷുപ്പുലരി വന്നടുത്തു നിൽക്കെ
വന്നിരുന്നൂ പലരുമന്യദേശത്തുനിന്നു,മെൻ പൂക്കളിറുക്കാൻ
കാത്തുവെയ്ക്കും സമൃദ്ധികൾ വർഷാന്ത്യവും നിലനിന്നുപോരാൻ
നൽക്കാഴ്ചകൾ കാണേണ്ടതും നാളത്രെ വിഷുവെന്ന് ചൊല്ല്
അക്കാഴ്ചയെ,യാദ്യത്തെക്കാഴ്ചയെ കണിയെന്നു പേർ വിളിക്കും
കണി കാണാൻ പൂക്കളിൽ എന്നിലും കേമം മറ്റൊന്നില്ല പോൽ
ആകയാൽ കണിക്കൊന്നയെന്ന പേരും കനിഞ്ഞു നൽകി
കാവ്യകുതുകിയാമെനിക്കായ്‌ പ്രകൃതിതൻ ഹാസഭാവ-
മെത്ര ഗാനമാലികകൾ എന്നും തീർത്തു നിന്നു
എന്നാലിന്നോ? പേക്കോലം കെട്ടുമീ വർത്തമാനത്തിൽ ഞാനാ-
പോയകാലത്തിൻ നീറുമോർമകൾ മാത്രം!
മേടത്തിൻ റാണിയായ് നിൽക്കുമാ തലയെടുപ്പിന്നെനിക്കില്ല
പൂക്കളോ അതിതുച്ഛം, കാണാമേവർക്കും ശോഷിച്ചെത്താമെൻ ദേഹവും
കാലം മാറവെ, മനുജന്റെ ക്രൂരതയുമേറ്റമേറി
തടമറ്റുവീഴും വിടപങ്ങൾ കണ്ടു മനം മടുത്തുപോയിന്നു ഞാൻ
‘കണിക്കൊന്ന’യാകയാൽ വെട്ടുവാൻ തുനിയില്ല പലരുമെന്നെ
നിന്നിടാം വരുംകാലവും ഞാനീ പാപത്തിൻ കർമ്മസാക്ഷിയെന്ന പോൽ
മരങ്ങൾ തിങ്ങിനിന്നിടമിന്നുയരുന്നു മണിസൗധങ്ങൾ പലവിധം
തകരുന്നു പ്രകൃതിതൻ അസ്തിത്വവും കാലത്തിൻ പ്രവാഹവും
വാനിൽ മഴമേഘങ്ങളുമിന്നെങ്ങോ പറന്നുപോയ്
കൊടിയവേനലിൻ കൊടുംചൂടു സഹിക്കവയ്യാതെ നീറവെ
ദാഹജലം നല്കാൻ പോലുമിന്നെനിക്കാരുമില്ല
ആകയാൽ ശോഷിച്ചു ഞാനൊരു ക്ഷയരോഗിയായി മാറി
വരവില്ലിന്നാരുമെൻ പൂക്കൾ തേടി; അല്ലെങ്കിലും
കനിഞ്ഞു നല്കാൻ പൂക്കളിന്നെവിടെയെന്നിൽ?
ബന്ധങ്ങൾ പോലും വെറുമനുഷ്ടാനമാകുമിക്കാലം
കണികാണാൻ കൊന്നയെത്തിരയുവാനാർക്കു നേരം
ഒരുതുണ്ടു ഭൂമിക്കായ്‌ കുരുക്ഷേത്രം ചമയ്ക്കുമിക്കാലം
ദാഹിച്ചു ദാഹിച്ചു ഞാൻ വലയുകിലാർക്കു ചേതം
എങ്കിലും, സമൃദ്ധമാം കാലം പിന്നിട്ടു ഞാനിപ്പരിവേഷ-
മണിയുവാനെന്തു പാപം ചെയ്തു ഞാനെൻ മുജ്ജന്മമത്രയും
ഹേ സഖേ! നീയൊന്നിവിടെ വന്നുപോയാൽ
പൂമണമൊഴുകിപ്പരന്നിരുന്നൂ പണ്ടെന്നുമെങ്ങും
വരുംകാലമിനിയും നീയീ തൊടിയിൽ വന്നീടവേ
ഉണ്ടായിടില്ല പൂക്കളൊരുപക്ഷേ, നിനക്കു പൂമണം ചാർത്തുവാൻ
എങ്കിലുമന്നും, തപ്തമാം മനസും ശുഷ്കിച്ച മേനിയുമായ്
ജീവൻ തുടിക്കുമിത്തോഴിയെ നീ വെറുത്തിടൊല്ല
തുടുത്തുനിന്നൊരാ മോദകാലമെല്ലാമുഴറിമറിയിശ്ശോകകാലം
അചിരേണ വന്നു ഭവിക്കുമെന്നോർത്തതില്ല ഞാൻ
കാലം പോകവേയിനിയിവിടെ വിഷുവുമുണ്ടാവില്ല, പക്ഷെ
മേടവും മേടക്കാറ്റുമതിന്നോർമയിൽ പാട്ടുകൾ പാടുമെന്നും
ഇത്തമോഭൂവിലിനിയുമധികം നിൽക്കാനാവില്ലെനിക്കീ-
കോലമെല്ലാം കണ്ടിട്ടെൻ ഹൃദയം നുറുങ്ങുന്നു
ഹേ സഖേ! കുളിർമയാണെന്നും നിനക്കോർമയിൽ!
കേഴുമീ ധരാതലത്തിൻ ചുടുശോകമേറ്റു നീയും തളർന്നിടേണ്ട
ആകയാൽ, അല്പായുസ്സാമെന്നെ മറന്നു പോക നീ മുന്നോട്ട്!”

Leave a Reply

Discover more from Soulful Reflections

Subscribe now to keep reading and get access to the full archive.

Continue reading