മഴ

അവിചാരിതമായെത്തിയ ഈ മഴ
എന്നെ തെല്ലസ്വസ്ഥനാക്കുന്നു…
അതിവിദൂരതയിൽ നിന്നും നീ
എനിക്ക് തരുന്ന ദിവ്യമായ ഒരസ്വാസ്ഥ്യം!
ഒഴുകിപ്പരന്ന ആകാശത്തിൻ്റെ അപാരവിസ്തൃതികളിലേക്ക്
കണ്ണുനട്ടിരുന്ന എൻ്റെ അരികിലേക്ക്
ഈ മഴയിലൂടെ ഒഴുകിയെത്തിയ ഇളംകാറ്റ്
മനസ്സിൽ, നിൻ്റെ ലോകത്തിലേക്കുള്ള വാതിൽ തട്ടിത്തുറന്നു…
അവിടെ,
എതിരേൽക്കാൻ മന്ദഹാസത്തിൻ്റെ ആഭയാർന്ന ഉടയാട ചുറ്റി നീ…
കാർമേഘങ്ങളില്ലാത്ത, ഇടിമിന്നൽ പ്രകമ്പനങ്ങളില്ലാത്ത,
ആകുലതകളുടെ മേഘസംഘട്ടനങ്ങളില്ലാത്ത,
പ്രണയപരിശുദ്ധിയുടെ നീലിമയാർന്ന
ഒരു പുതിയ ആകാശത്തിലേക്ക് എന്നെ നയിച്ചവൾ!
അർബുദജീർണത ബാധിച്ചുതുടങ്ങിയ വാക്കുകൾക്കുള്ളിൽ
കവിതയായി കൂടിയിരുന്നു വരികൾക്ക്
പുതിയ ഭാവഗരിമ പകർന്നു തന്നവൾ…
അപങ്കിലമായ ലോകത്തിൽ നിന്റെ കരുണാർദ്രമായ
സാമീപ്യം…
അവിടെ, ഒരു വസന്തത്തിന്റെ സൗരഭ്യമായി നമ്മൾ പരിലസിച്ചു…
ചുറ്റിലും,
മരശിഖരങ്ങളിൽ നിന്ന് കിളികൾ മധുരമായി പാടി
പ്രണയത്തിന്റെ സുവർണസരോവരങ്ങളിൽ
നീന്തിത്തുടിച്ചു പരൽമീനുകൾ
പ്രേമമൂർച്ഛയിൽ മദംപൊട്ടിയ കലമാൻ
പേടയുമായി കൊമ്പുകോർത്തു നിന്നു
മലയോരങ്ങളിൽനിന്നും ശംഖനാദം മുഴക്കിയെത്തിയ
കാറ്റിനോടൊത്തു നൃത്തം ചെയ്തു കമുകിൻ തലപ്പുകൾ
എങ്ങും പരക്കുന്ന സൂര്യകാന്തിപ്പൂക്കളുടെ മത്തുപിടിപ്പിക്കുന്ന ഗന്ധം…
അങ്ങനെ മായക്കാഴ്ചകളുടെ ഘോഷയാത്രയ്ക്കിടയിലൂടെ
ഒരു തൂവൽ പോലെ ഒഴുകി നീ എന്റെ മുന്നിൽ നിന്നു
ആയിരം നീലാരവിന്ദങ്ങൾ പൂത്തുനിൽക്കുന്ന
വിഭ്രമകാന്തി ആ കണ്ണുകളിൽ ഞാൻ കണ്ടു…
ഞാൻ കണ്ട ഏറ്റവും മനോഹരമായ
പുലരിയുടെ തുടുപ്പായിരുന്നു അപ്പോൾ നീ!
മെല്ലെ,
ശരൽശിശിരഹേമന്തങ്ങളായിരം കടന്നുപോയി
പ്രളയകാലം വന്നാലും നശിക്കാത്ത
ഒരു മന്ദഹാസപുഷ്പം നീ എനിക്ക് സമ്മാനിച്ചു…
അപ്പോൾ ഹൃദയത്തിന്റെ ആഴങ്ങളിൽ
എപ്പോഴോ അറിയാതെ ഉണർന്ന ഏതോ
ആർദ്രമോഹങ്ങളുടെ പ്രേരണയാൽ
ഒരു വസന്തകാലത്തിന്റെ സ്വപ്നങ്ങളെ
മനസ് മാടി വിളിച്ചു…
ആ സ്വപ്‌നങ്ങൾ നിലാവിൽ മന്ദമന്ദം പൊഴിഞ്ഞുവീഴുന്ന
ഒരു രാത്രിഗന്ധിപ്പൂവിന്റെ പരാഗങ്ങളെപ്പോലെ
എന്റെ ഹൃത്തടം ചുംബിച്ചു…
അവിടെ അവ പിന്നെയും വിരിഞ്ഞുണർന്നു
നാനാവർണ്ണത്തിലുള്ള പൂക്കളായി
അതിസമ്മോഹനസുഗന്ധം പരത്തി
എന്റെ അതീന്ദ്രിയ ചേതനകളെ തൊട്ടുണർത്തി
എന്നെ വലംവെച്ചു നിന്നു…

Listen to this poem here:

Leave a Reply

Discover more from Soulful Reflections

Subscribe now to keep reading and get access to the full archive.

Continue reading