By Vinish C Nair
ഇറങ്ങേണ്ട സ്ഥലം അടുക്കുന്തോറും ബസിനുള്ളിൽ സേതുവിന്റെ ഹൃദയമിടിപ്പുകൾ കൂടുകയായിരുന്നു. തന്റെ ബാല്യത്തിലെ വൈകുന്നേരങ്ങളിൽ അച്ഛനെ കാത്തിരുന്ന ചെറിയ ജംഗ്ഷനിലേക്ക് അടുക്കുമ്പോൾ ബസ് വേഗത കുറച്ചു. സമയം പുലർച്ചെയായിരുന്നു. രാത്രിക്കും വെളിച്ചത്തിനും ഇടയിലുള്ള നേർത്ത മൂടൽമഞ്ഞു പടരുന്ന സമയം. പൊടിപടലങ്ങൾ ഉയർത്തി നിന്ന ബസിന്റെ പടികൾ ചവിട്ടി സേതു ഇറങ്ങി.
നനഞ്ഞ മണ്ണിന്റെയും ഇളംതേങ്ങയുടെയും മണമായിരുന്നു അന്തരീക്ഷത്തിൽ. തന്റെ ബാല്യത്തിന്റെ അതെ ഗന്ധം! പക്ഷെ ആ കവല – അത് തീരെ അപരിചിതമായി തോന്നി. സ്കൂൾ കഴിഞ്ഞു വരുമ്പോൾ ചൂടുള്ള പഴംപൊരിയുടെ മണം വന്നിരുന്ന ചെറിയ ചായക്കട അപ്രത്യക്ഷമായിരിക്കുന്നു. അതിന്റെ സ്ഥാനത്ത് ഒരു കോൺക്രീറ്റ് ബിൽഡിംഗ് വന്നിരിക്കുന്നു. അതിൽ പലതരം ഷോപ്പുകൾ.
സ്കൂളിനരികിലെ ആൽമരം കടന്ന് പാടം കഴിഞ്ഞു പോകുന്ന വഴി പക്ഷെ പഴയതുപോലെ വിശാലമായി നിന്നിരുന്നു. എന്നാലും വഴി വിജനമായിരുന്നു. പാതയുടെ ഇരുവശത്തും ഇപ്പോഴും നെൽപ്പാടങ്ങൾ തന്നെ. പക്ഷെ അവയെല്ലാം വരണ്ടുണങ്ങി പോയിരുന്നു.
വരണ്ടുണങ്ങിക്കിടക്കുന്ന നെൽപ്പാടങ്ങൾ കൊഴിഞ്ഞുപോയ പ്രതാപകാലത്തിന്റെ ശവകുടീരങ്ങളാണ്. മുപ്പതിലധികം വർഷങ്ങൾക്കുമുൻപ് എന്തിനെന്നറിയാതെ ഇവിടം വിടുമ്പോൾ, ഈ നാടിന്റെ പച്ചനിറം പിൻവിളി ഉയർത്തിയിരുന്നു. മനസിനെ പൊള്ളിക്കുന്ന കാര്യങ്ങൾ സംഭവിച്ചു തുടങ്ങിയപ്പോൾ ഇവിടം വിടുകയെന്നത് അനിവാര്യമായി മാറി.
അരനൂറ്റാണ്ട് പിന്നിട്ട ഒരു മനുഷ്യജന്മത്തിന് പക്ഷെ ഈ വരണ്ടുണങ്ങിയ കാഴ്ച വേദനയുളവാക്കുന്നതായിരുന്നില്ല. ബാല്യകൗമാരങ്ങളിലെ നിറമുള്ള സ്വപ്‌നങ്ങൾ തൊട്ട്, ഇതാ ഇപ്പോൾ വരെ എന്തൊക്കെയാണ് ഈ മനസ്സിൽ വരണ്ടുണങ്ങി കൊഴിഞ്ഞുവീണിട്ടുള്ളത്? ഈയൊരു തിരിച്ചുവരവ് നിനച്ചിരുന്നതല്ല. ഈ ലോകം നമുക്ക് അന്യമാകും മുൻപ് ബാല്യകൗമാരങ്ങൾ മേഞ്ഞ സ്ഥലങ്ങൾ ഒന്നുകൂടെ കാണണം എന്ന ആഗ്രഹം എപ്പോഴോ ഉണർന്നപ്പോൾ ഇറങ്ങിതിരിച്ചതാണ്.
സേതു തന്റെ തോളിൽ കിടന്ന ചെറിയ ബാഗ് ശരിയാക്കി പാതയിലൂടെ നടക്കാൻ തുടങ്ങി. പ്രായം തളർത്തിയതുകൊണ്ടായിരുന്നില്ല, മറിച്ച് ആ സ്ഥലത്തിന്റെ ഓരോ അണുവും ഓർമകളെ വിളിച്ചുണർത്താൻ തുടങ്ങിയത് മൂലം, കാലുകൾ മന്ദഗതിയിലായിരുന്നു.
തന്റെ പൂർവികഭവനമായിരുന്ന തറവാടിന്റെ ഗേറ്റിലെത്തിയപ്പോൾ ശ്വാസം മുട്ടുന്നതുപോലെ തോന്നി. ആൾത്താമസമില്ലാത്തതിന്റെ എല്ലാ ലക്ഷണങ്ങളും വ്യക്തമായി കാണാമായിരുന്നു. ഗേറ്റ് തുരുമ്പിൽ പൊതിഞ്ഞിരുന്നു. മനുഷ്യന്റെ കൈക്രിയകൾക്ക് മേൽ പ്രകൃതിയുടെ വിജയമെന്നവകാശപ്പെട്ടുകൊണ്ട് മതിലിനും ഓടിനും മേലെ പലതരം വള്ളികൾ പടർന്നുകയറിയിരുന്നു.
“സേതു”, പുറകിൽ നിന്നുള്ള ആ വിളി പഴയ കളിക്കൂട്ടുകാരനും, ഭാസ്കരമ്മാമന്റെ മകനുമായ ജയന്റേതായിരുന്നു. ഓർമയിൽനിന്നു ചികഞ്ഞെടുക്കുമ്പോൾ, ഏറെ മാറിപ്പോയ മറ്റൊരു മുഖം. താക്കോൽകൂട്ടം തന്നിട്ട്, പിന്നെ വരാമെന്നു പറഞ്ഞു അവൻ പോയി.
ഗേറ്റിനു പുറത്തുനിന്ന് സേതു ആ വീട് കുറെ നേരം നോക്കി. മലയടിവാരത്തിൽനിന്നു കുറച്ചുമാത്രം അകലെയായി ആരെയോ കാത്തുനിൽക്കുന്നുവെന്ന പോലെ തന്റെ വീട്! പഴയ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നുണ്ടെങ്കിലും വീടിനു എന്തൊക്കെയോ മാറ്റങ്ങൾ വന്നതുപോലെ. ആ മുറ്റവും തുളസിത്തറയും കിണറും എല്ലാം ഒരുപാട് മാറിയിരിക്കുന്നു. അല്ലെങ്കിലും മാറാത്തതായി എന്തുണ്ട് ഭൂമിയിൽ? നാടും വീടും ഈ ഞാനുമെല്ലാം കാലം രാസമാറ്റം വരുത്തിയ വെറും തന്മാത്രകൾ!
സേതു ഗേറ്റ് പതുക്കെ തള്ളിത്തുറന്നു. വളരെ ആഴത്തിലുള്ള ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തിയതിന്റെ പ്രതിഷേധമെന്നോണം അത് നല്ല ശബ്ദമുയർത്തി.
ആ വീടിന്റെ മുറ്റത്തു താൻ വീണ്ടും! കോണുകളിൽ ടൈൽ പാകിയ മേൽക്കൂര താനില്ലാതിരുന്ന കാലത്തെ നവീകരണത്തിന്റെ കഥ പറഞ്ഞു. എന്നാലും ആ ഇറയവും വാതിലുകളും ജനലുകളുമെല്ലാം പൊടിക്കും പഴക്കത്തിനും കീഴടങ്ങാൻ തുടങ്ങിയിരുന്നു. വരാന്തയിൽ ഉയരമുള്ള മരത്തൂണുകൾ പഴയ ധാർഷ്ട്യത്തോടെ തലയുയർത്തി നിന്നു.
സേതു അകത്തേക്ക് കടന്നു. മരവാതിൽ ഞരങ്ങിയൊതുങ്ങി നിന്നു. സംസാരിക്കാൻ മറന്നു പോയ ഒരു പഴയ സുഹൃത്തിന്റെ ശബ്ദം പോലെ, ഒരു നേർത്ത ശബ്ദം. അകത്തു ചന്ദനത്തിരികളുടെയും, കർപ്പൂരത്തിന്റെയും, ഉണങ്ങിയ തേങ്ങ ആട്ടിയെടുത്ത എണ്ണയുടെയും ഗന്ധം കൊണ്ട് കട്ടിയുള്ള വായു തളംകെട്ടി നിന്നു. ചുമരുകളിൽ തന്നെ സ്ഥാപിച്ചിരുന്ന ചെറിയ ഓട്ടുവിളക്കുകൾ കാലപ്പഴക്കത്താലും എണ്ണക്കറയാലും കറുത്തുപോയിരുന്നു. ഓരോ മുറിയുടെയും മൂലകളിൽ, പിച്ചളപ്പാത്രങ്ങൾ വർഷങ്ങളുടെ അവഗണനയാൽ മങ്ങി ക്ലാവു പിടിച്ചു നിന്നു. കിളിവാതിലിലൂടെ കണ്ടു, പുറകിലെ കുളം. ഒരിക്കൽ താമര പൂത്തുനിന്ന കുളം പച്ചയും കറുപ്പുമായ പായലിനാൽ മൂടി നിൽക്കുന്നു. അതിൽ, ക്ഷീണിച്ച കണ്ണാടി പോലെ, മങ്ങിയ പ്രഭാതവെളിച്ചം പ്രതിഫലിച്ചു.
സേതു ബാഗ് മുറിയിലെ കട്ടിലിൽ വച്ചു. അയാൾ ഒരു നിമിഷം നിശ്ചലനായി നിന്നു.
വീട് തനിക്കു ചുറ്റും ശ്വസിക്കുന്നതായി തോന്നി. ഒരു നേർത്ത മന്ത്രണം, ഒരു നെടുവീർപ്പ്, നിശ്ശബ്ദതയിലൂടെ ഓർമ്മകൾ കടന്നു വരുന്നു. പതുക്കെ ഉള്ളിൽ എന്തോ പൊട്ടിപ്പുറപ്പെട്ടതുപോലെ, ഭൂതകാലം കഥകൾ പറയാൻ തുടങ്ങി – ഒരു വെള്ളപ്പൊക്കം പോലെയല്ല, മറിച്ച്, നീണ്ട ഒരു നിശ്ശബ്ദരാത്രിക്ക് ശേഷം കരയിൽ തൊടുന്ന മൃദുലമായ തിരകൾ പോലെ!
മുറ്റം തീർത്തും നിശബ്ദമായിരുന്നു. പക്ഷെ, സേതു, അവിടെ കൽത്തറയിൽ പാദസരങ്ങൾ കിലുങ്ങുന്ന നേരിയ താളം കേട്ടു. അയാൾ പതുക്കെ എല്ലായിടത്തും തിരഞ്ഞു. ഒരു നിമിഷം, വർഷങ്ങൾ ഒരു ചൂടുള്ള പ്രഭാതത്തിലെ മൂടൽമഞ്ഞു പോലെ അലിഞ്ഞു പോയി.
താനിപ്പോൾ ഒരു അമ്പത്തിനാലുകാരനല്ല, ഒരു പന്ത്രണ്ട് വയസുകാരൻ. ആ മുറ്റത്ത് അവൻ നഗ്നപാദനായി നിന്നു. ചുറ്റുമുള്ള മരങ്ങളുടെ ചില്ലകൾക്കിടയിലൂടെ സൂര്യൻ താഴെ പല ചിത്രങ്ങൾ വരക്കുന്നു. പെട്ടെന്ന്, വീടിന്റെ ഉള്ളിൽനിന്നും നീലയിൽ മഞ്ഞപ്പൂക്കൾ തുന്നിയ ഫ്രോക്കിട്ട ഒരു പെൺകുട്ടി പുറത്തേക്കോടി. ഓരോ കാലടിയിലും അവളുടെ മുടിയിൽ നിന്നു മുല്ലപ്പൂക്കൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.
അമ്പലത്തിൽ വൈകുന്നേരത്തെ പൂജയ്ക്കിടെ മുഴങ്ങിയ മണി പോലെ അവിടമാകെ അവളുടെ ചിരി മുഴങ്ങി.
“ദേവലക്ഷ്മി”
അപ്പോൾ അവൾ ഒരു ഓർമ്മയല്ലായിരുന്നു, മറിച്ച് ഒരു സാന്നിധ്യമായിരുന്നു.
തന്റെ ബാല്യകൗമാരങ്ങളിലെ അവധിക്കാലങ്ങളെ, ഉത്സവകാലങ്ങളെ മനോഹരമാക്കിത്തീർത്ത ഒരു മധുരസാന്നിധ്യം.
പുളിമരത്തിന്റെ തണലിൽ ചെറുകുളത്തിൽനിന്നു കൈക്കുമ്പിളിൽ വെള്ളം കോരിനിൽക്കുമ്പോൾ അവളുടെ മുഖത്തു സൂര്യപ്രകാശം നൃത്തം ചെയ്യുന്നുണ്ടായിരുന്നു.
അമ്പലത്തിൽ പോകുമ്പോൾ നേദിക്കാനുള്ള പൂവ് പറിച്ചുതന്നുകൊണ്ട് അവൾ പറയാറുണ്ടായിരുന്നു, ഓരോ പൂവും ദേവനുള്ള പ്രാർത്ഥന കൈമാറുന്നുണ്ടെന്ന്. അവളുടെ അമ്മമ്മ പറഞ്ഞുകൊടുത്തതാണത്രേ!
അവൾ, അമ്മ വഴിയുള്ള ഒരു അമ്മാവന്റെ മകളായിരുന്നു. പരമ്പരാഗത കുടുംബമായതുകൊണ്ടു തന്നെ എല്ലാ കുടുംബങ്ങളും തറവാട്ടിൽ ഒത്തുചേരുക പതിവായിരുന്നു. ഉത്സവകാലങ്ങളിൽ വീട്ടിൽ കുട്ടികളുടെ കളിയും ചിരിയും നിറയുമായിരുന്നു. എന്നിരുന്നാലും, അതിൽ ഒരു പന്ത്രണ്ടുവയസുകാരന് ഒരു പത്തുവയസുകാരിയുടെ ചിരി മാത്രം ദീപാവലിയായി തോന്നി. അവൾ ചൂടുന്ന മുല്ലപ്പൂവിന് മാത്രം ഭൂമിയിലെങ്ങുമില്ലാത്ത സുഗന്ധമുള്ളതായി തോന്നി. അവൾ തൊടുന്ന ചന്ദനത്തിനു മാത്രം ഏറ്റവും നല്ല മഞ്ഞിന്റെ തണുപ്പുള്ളതായി തോന്നി.
തറവാട്ടിലെ ബാക്കി കുട്ടികളുടെ കളിയാക്കലിന് പാത്രമായിക്കൊണ്ട് അവർ രണ്ടുപേരും തമ്മിലുള്ള ബന്ധം വളർന്നു. കുളത്തിലെ മൽസ്യക്കുഞ്ഞുങ്ങൾക്ക് അരിമണി എറിഞ്ഞുകൊടുത്തും, പ്ലാവില പെറുക്കിയും, കടലാസുതോണിയുണ്ടാക്കിയും അവർ ഉത്സവകാലങ്ങളിൽ സമയം ചെലവഴിച്ചു.
ചില കൂട്ടുകുടുംബങ്ങളിൽ കാണാറുള്ളതുപോലെ തറവാട്ടിലെ മുതിർന്നവരും ഈ ബന്ധത്തെ നല്ലതായി കണ്ടു. “വളരുമ്പോൾ രണ്ടുപേരും നമ്മുടെ തറവാട്ടിൽ തന്നെ നിൽക്കട്ടെ”, എന്ന സംസാരം അകത്തളങ്ങളിൽ മുഴങ്ങിക്കേട്ടു.
അതിന്റെയർത്ഥം പൂർണമായി മനസിലായില്ലെങ്കിലും സേതുവും ദേവുവും അതുകേട്ടു ചിരിച്ചു. പൂക്കളും വെള്ളാരങ്കല്ലുകളും വാഴക്കൂമ്പിലെ തേനുമെല്ലാം കൈമാറി ഒടുവിൽ ഉത്സവകാലം കടന്നുപോകുമ്പോൾ ഉള്ളിൽ നേർത്ത വിങ്ങലായിരുന്നു!
മുറ്റം ഇപ്പോൾ നിശബ്ദമാണ്. ഓർമ്മകൾ അദൃശ്യമായ ഒരു മഴക്കാലം പോലെ അതിനെ വന്നു മൂടി. തന്റെ ഹൃദയം മുറിഞ്ഞുപോകുന്നതായി സേതുവിന് തോന്നി. മുപ്പതിലധികം വര്ഷങ്ങള്ക്കു ശേഷം ആ വീട്ടിൽ വീണ്ടും ആ പേര് മന്ത്രിച്ചു, “ദേവലക്ഷ്മി”
വീട്, മുറ്റം, കുളം, മരങ്ങൾ – ചുറ്റുമുള്ളതെല്ലാം നെടുവീർപ്പിടുന്നതായി തോന്നി.
അടുത്തതായി പരതിയത് അച്ഛന്റെ മുറിയായിരുന്നു. ആ മുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ പഴയ മരപ്പലകളുടെയും, ചന്ദനത്തൈലത്തിന്റെയും ഗന്ധമുണ്ടായിരുന്നോ? കാലം കോറിയിട്ട കഥകൾ വായിക്കുന്നതുപോലെ സേതു, ആ ചുമരുകളിലൂടെ വിരലുകളോടിച്ചുകൊണ്ട് നടന്നു.
തുറന്ന വാതിലും ജനലും മങ്ങിയ ആ മുറിയിലേക്ക് വെളിച്ചം കൊണ്ടുവന്നു. എല്ലായ്പ്പോഴുമൊന്നും വൃത്തിയാക്കാത്തതിനാൽ പൊടിപടലങ്ങൾ സൂര്യപ്രകാശത്തിൽ അലസമായി കറങ്ങി നടന്നു. മുറിയിൽ ദൈവികമായ ഒരു നിശബ്ദത നിലനിന്നിരുന്നു. ഒരിക്കൽ അച്ഛൻ ഉറങ്ങിയിരുന്ന കട്ടിൽ അതേ സ്ഥാനത്ത്, ആരോ സൂക്ഷിച്ചുവെച്ചതുപോലെ പുതപ്പ് കാൽക്കൽ മടക്കിവെച്ചിരുന്നു.
കട്ടിലിനു മുകളിൽ ചുമരിൽ അച്ഛന്റെ ഫോട്ടോ ഫ്രെയിം ചെയ്തുവെച്ചിട്ടുണ്ടായിരുന്നു. അത് താൻ പോകുന്നതിനും മുൻപുണ്ടായിരുന്നതാണെന്നു സേതു ഓർത്തു. ഒരു തറവാടിനെ, ഏറ്റവും നന്നായി പരിപാലിച്ച ആത്മവിശ്വാസം ആ കണ്ണുകളിൽ സേതു കണ്ടു.
എന്നാൽ എത്ര പെട്ടെന്നാണ് എല്ലാം അവസാനിച്ചത്? തന്റെ ഓർമയിൽ സ്കൂളിലേക്ക് പോകാനൊരുങ്ങിനിന്നതും, പക്ഷെ പൊടുന്നനെ ബന്ധുക്കളെയും നാട്ടുകാരെയുമൊക്കെ കാണുന്നതും, പിന്നെ സ്വതേ ഉത്സവാന്തരീക്ഷം നിലനിന്നിരുന്ന വീട് കണ്ണീർക്കളമായതും മാത്രമേ ഓർമയുണ്ടായിരുന്നുള്ളൂ.
പിന്നീടങ്ങോട്ട് നിശ്ശബ്ദതയുടെയും സമാശ്വസിപ്പിക്കലുകളുടെയും കുറെ ദിവസങ്ങൾ. ഒടുവിൽ ഒരു ചെറിയ കളിമൺകുടത്തിൽ അച്ഛനെ നിമഞ്ജനം ചെയ്യുന്ന ദിനവും വന്നു. വീട്ടിലും പറമ്പിലും, നാട് മുഴുവനും ഓടിയെത്തിയിരുന്ന ഒരാൾ ഒടുവിൽ ആ ചെറിയ മൺകുടത്തിലൊതുങ്ങുന്ന കാലത്തിന്റെ കുസൃതി അന്നത്തെ കൗമാരമനസിനു മനസിലാക്കാൻ പറ്റുന്നതിനുമപ്പുറത്തായിരുന്നു.
എന്തുകൊണ്ടോ, അന്നുതൊട്ട് ആ വീട് പുതിയ ശ്വാസതാളങ്ങൾ ശീലിച്ചു തുടങ്ങി.
അടുത്ത മാസങ്ങളിൽ, വർഷങ്ങളിൽ, ചുറ്റുമുള്ള ലോകം പതുക്കെ മാറിത്തുടങ്ങി. തറവാടും കാര്യങ്ങളും അച്ഛൻ നോക്കിനടത്തുന്നത് അഭിമാനത്തോടെ കണ്ടുനിന്നവർ മെല്ലെ ഓരോ കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങി. തറവാടിന്റെ ഭാവി, സമ്പത്ത്, ഇവയൊക്കെ ഇടക്കിടെയുള്ള സംസാരവിഷയങ്ങളായി മാറി. തന്റേതായ ലോകത്തിൽ ഒതുങ്ങിക്കൂടിയ അമ്മയെ കടന്ന് മറ്റു മുതിർന്നവർ തറവാട് മേൽനോട്ടം ഏറ്റെടുത്തു.
കൂട്ടുകുടുംബങ്ങളുടെ മധുരമുള്ള ഭാഗം ഏറെ നുണഞ്ഞ സേതുവിന്, അതിന്റെ കയ്പ് നിറഞ്ഞ ഭാഗം കാണാനാവുമായിരുന്നില്ല. തറവാട്ടിലെ എല്ലാ ചെറുകുടുംബങ്ങളെയും ചേർത്തുനിർത്തിയിരുന്ന കണ്ണി മുറിഞ്ഞുപോയതോടെ ഒന്നിച്ചുള്ള ആഘോഷങ്ങൾ കുറഞ്ഞു. ക്രമേണ തന്റെ ഓണവും, വിഷുവും, മറ്റു ഉത്സവങ്ങളുമെല്ലാം നിശ്ശബ്ദതയുടേതായി മാറുന്നത് സേതു കണ്ടു.
ഒടുവിൽ, ദേവലക്ഷ്മിയുടെ അച്ഛനമ്മമാരും പ്രായോഗികതയുടെ ഭാഗത്തുനിന്ന് ചിന്തിച്ചുതുടങ്ങി. ഉന്നതവിദ്യാഭ്യാസം തുടങ്ങിയിട്ടു കൂടിയില്ലാത്ത സേതുവിന്റെ ഭാവിയെപ്പറ്റി അവർ ആശങ്ക കൊണ്ടു. നിശബ്ദമായി എല്ലാമറിഞ്ഞുകൊണ്ടിരുന്ന അമ്മയും അതിനെതിരൊന്നും പറഞ്ഞില്ല. സേതു അറിയാതെ തന്നെ ദേവലക്ഷ്മിയെയും അവളുടെ അമ്മയെയും പറഞ്ഞു മനസിലാക്കി. മകനോടുള്ള എല്ലാ സ്നേഹവായ്‌പും ഉള്ളിൽ വെച്ചുകൊണ്ട് തന്നെ, അവനറിയാതെ, അവന്റെ ഏറ്റവും വലിയ ആഗ്രഹം അമ്മ നിഷേധിച്ചു.
പിന്നീടൊരു ദിവസമാണ് അമ്മ പറഞ്ഞത്, “മോനെ, നീ ഡൽഹിയിൽ പോകണം. അവിടെ തുടർപഠനത്തിനും പിന്നെ ജോലിക്കും നല്ല ഒരവസരമുണ്ട്. അത് നിന്നെയും നമ്മളെയും സുരക്ഷിതരാക്കും.” ആ ശബ്ദത്തിലെ വിറയൽ സേതു അറിഞ്ഞുവെങ്കിലും അതിന്റെ അർഥം ഗ്രഹിക്കുവാൻ കഴിഞ്ഞിരുന്നില്ല.
തന്റെ പ്രവാസം അവിടെ തുടങ്ങുകയായിരുന്നുവെന്ന് സേതു ഓർത്തു!
കഷ്ടപ്പെടേണ്ടിവരും എന്ന ഭയത്തോടെ ദേവലക്ഷ്മി തന്റെ മകനെ കാത്തിരിക്കരുതെന്നും, അവൾ തന്റെയും കൂടി കുഞ്ഞാണ്, അവളുടെ ഭാവിക്ക് ഏറ്റവും നല്ലതെന്നു തോന്നുന്നത് ചെയ്യണമെന്നും അവളുടെ അമ്മയെ പറഞ്ഞു ബോധ്യപ്പെടുത്തിയത് അമ്മ സേതുവിനോട് പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ, താൻ തിരിച്ചുവരുമ്പോഴേക്കും അമ്മ അവളെ കാത്തുസൂക്ഷിക്കും എന്ന പ്രതീക്ഷ സേതുവിനുണ്ടായിരുന്നു. ആ പ്രതീക്ഷ നൽകിയ ഊർജ്ജത്തിലാണ് അവൻ യാത്രയായതും. അതിനിടയിൽ വീട്ടിൽ വന്നിരുന്ന ദേവലക്ഷ്മി സ്വന്തം കൈപ്പടയിൽ എഴുതിയ ചെറിയ കുറിപ്പ്- അവൾ തന്റെ യാത്ര സഫലമാകാനായി എഴുതിയ പ്രാർത്ഥന – സേതുവിന്റെ കൈയിലുണ്ടായിരുന്നു യാത്രയിൽ. അത് അവളുടെ നിശബ്ദമായ വിടവാങ്ങലാനെന്നു അപ്പോൾ അവനു അറിയില്ലായിരുന്നു.
ഡൽഹിയിലെ ജീവിതത്തോട് പൊരുത്തപ്പെടാൻ സേതു നന്നേ ബുദ്ധിമുട്ടി. അന്യമായ ഭാഷ, കണ്ടു പരിചയമില്ലാത്ത ഭക്ഷണം, ക്രൂരമായ ശൈത്യകാലം!
അമ്മയ്ക്ക് അങ്ങോട്ടും, തിരിച്ചിങ്ങോട്ടും ഉള്ള എഴുത്തുകളായിരുന്നു സേതുവിന്റെ ഊർജം. പക്ഷെ അവർ ഒരിക്കലും ദേവലക്ഷ്മിയെപ്പറ്റി പരാമർശിച്ചിട്ടില്ല. അവൾ ഇപ്പോഴും പഠിക്കുന്നുണ്ടെന്നും, ഉത്സവകാലങ്ങളിൽ തറവാട് സന്ദർശിക്കാറുണ്ടെന്നും, അവൾ തന്റെ വരവ് കാത്തിരിക്കുകയായിരിക്കുമെന്നും സേതു മനസ്സിലോർത്തു, എപ്പോഴും.
മാസങ്ങളും, പിന്നെ വർഷങ്ങളും കടന്നുപോയി. അങ്ങനെയൊരു ദിവസം ലഭിച്ച ഒരു കത്ത് സേതുവിനെ തകർത്തുകളഞ്ഞു – തന്റെ കൂട്ടുകാരൻ ജയൻ, അവന്റെ അച്ഛൻ ഭാസ്കരമ്മാമൻ മരിച്ച വിവരം പറയാൻ അയച്ചതായിരുന്നു കത്ത്. അതിലൂടെ അവൻ അറിഞ്ഞു – ദേവലക്ഷ്മി, അവൾ മറ്റൊരാളുടേതായിരിക്കുന്നു. സേതുവിന്റെ മനസ് അസ്വസ്ഥമായി.
ആരാണ് തന്നെ വഞ്ചിച്ചത്?
ആരാണ് തന്നോട് ഒന്നും പറയാതിരുന്നത്?
ദേവലക്ഷ്മിയാണോ?
അതോ അമ്മയോ?
എന്തേ എത്ര എഴുത്തുകൾ അയച്ചിട്ടും അമ്മ ഒന്നും പറഞ്ഞില്ല? എന്തിനു തന്റെ പ്രതീക്ഷകളെ എപ്പോഴും നിലനിർത്തി?
ആ നിമിഷം മുതൽ സേതുവിന്റെ മൗനം ആരംഭിച്ചു. കത്തുകൾ പൂർണമായും നിലച്ചു. പൂർണമായും ജോലിയിൽ മുഴുകി. ഒരു ഓർമയ്ക്കും പ്രതീക്ഷയ്‌ക്കും, സ്നേഹത്തിനും കടന്നുവരാൻ കഴിയാത്ത വിധം കട്ടിയുള്ള മതിലികൾക്കുള്ളിൽ ജീവിതം മുന്നോട്ടു കൊണ്ടുപോയി. ഏകാന്തത തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായി മാറി.
വീട്ടിനുള്ളിൽ, ഇടനാഴിയിലൂടെ ഒരു നേർത്ത കാറ്റു വീശി. സേതു അതിനെ പിന്തുടർന്ന് പൂജാമുറിയിലേക്ക് നടന്നു. അകത്ത്, അമ്മ എപ്പോഴും തിരിതെളിയിക്കാറുണ്ടായിരുന്ന പിച്ചളവിളക്ക് അതേ സ്ഥാനത്തു നിലകൊണ്ടു. ക്ലാവുപിടിച്ച്, എണ്ണവറ്റി, കരിഞ്ഞുപോയ ഒരു തിരി മാത്രം ബാക്കിയുണ്ടായിരുന്നു അതിൽ.
വീണ്ടും, അതേ ജയൻ വഴി തന്നെ അമ്മ മരിച്ച വിവരം അറിഞ്ഞ ദിവസമോർത്തു. താൻ ഒരിക്കലെങ്കിലും തിരിച്ചു വീട്ടിൽ വരണമെന്ന അമ്മയുടെ ആഗ്രഹം അറിഞ്ഞപ്പോൾ സേതു തളർന്നുപോയി. കുറ്റബോധത്താലോ ഓർമകളുടെ സമ്മർദ്ദത്താലോ, അനങ്ങാൻ കഴിയാതെ മണിക്കൂറുകളോളം സേതു കട്ടിലിൽ ഇരുന്നു.
ഇത്രയും വർഷമായി താൻ കാത്തിരുന്നു, ഒരുപക്ഷെ തന്റെ കോപം തണുക്കാൻ വേണ്ടി അല്ലെങ്കിൽ ഉള്ളിലെ തേങ്ങൽ ശമിക്കാൻ വേണ്ടി. പക്ഷെ എല്ലാം വിശദീകരിച്ചുകൊടുക്കാൻ കഴിയുമായിരുന്ന ഒരേയൊരാൾ പോയിരിക്കുന്നു.
ഏറ്റവും ക്രൂരനായ കള്ളനാണ് കാലം. നമ്മൾ പോലുമറിയാതെ, നമ്മുടെ ഏറ്റവും അമൂല്യമായ ബന്ധങ്ങളും വർഷങ്ങളുമെല്ലാം അവൻ കവർന്നു കൊണ്ടുപോകുന്നു.
തിരിച്ചുവരാനുള്ള ധൈര്യം സംഭരിക്കാൻ പിന്നെയും രണ്ടു വർഷമെടുത്തു. ഒടുവിൽ, ഇപ്പോൾ ഇതാ താൻ നിൽക്കുന്നു – ഒരുകാലത്തു തന്റെ മുഴുവൻ പ്രപഞ്ചമായിരുന്ന അതേ വീട്ടിൽ.
സന്ധ്യയായപ്പോൾ പൂജാമുറിയിലെ പഴയ പിച്ചളവിളക്ക് സേതു വൃത്തിയാക്കിയ ശേഷം തിരിതെളിച്ചു. ആദ്യം മടിച്ചെങ്കിലും പിന്നീടത് ജ്വലിച്ചു കത്താൻ തുടങ്ങി. ഉറക്കത്തിൽനിന്നുണർന്ന ഓർമ്മകൾ പോലെ ആ വെളിച്ചത്തിൽ നിഴലുകൾ നൃത്തം ചെയ്തു.
സന്ധ്യ – രാവിന്റെ വരവറിയിച്ചുകൊണ്ട് തെല്ലകലെ മലയടിവാരത്തുനിന്നും തണുത്ത കാറ്റു വീശിത്തുടങ്ങി. ചേക്കേറാൻ തിടുക്കം കൂട്ടി അവസാനവട്ട പക്ഷികളും പറന്നുപോയി. സമീപത്തെ വീടുകളിൽ നാമജപങ്ങളുയർന്നു.
ജീവിതത്തിന്റെ സായന്തനം; തന്റെ ഒരു സന്ധ്യ കൂടി തറവാടിന്റെ ഇരുൾനിറഞ്ഞ അകത്തളങ്ങളിലേക്ക് കടന്നുവരികയാണ്.
പകൽ മുഴുവനും വെയിലേറ്റു തളർന്ന നാട്ടുമരങ്ങൾ ഇലകൾ താഴ്ത്തി രാത്രിയെ വരവേൽക്കാനൊരുങ്ങി. അകലെ നിന്നുയർന്ന നാമജപങ്ങൾ മെല്ലെ അലിഞ്ഞലിഞ്ഞു ഇരുളിന്റെ നിശബ്ദതയിൽ ലയിച്ചപ്പോഴേക്കും മേലെ നേർത്ത ചന്ദ്രിക തെളിഞ്ഞു വന്നു. കാലത്തിന്റെ ഘനീഭവിച്ച ദുഃഖം മഞ്ഞിന്റെ നേർത്ത അലകളായി വന്ന് അന്തരീക്ഷത്തെ മൂടിപ്പുതപ്പിക്കുവാൻ തുടങ്ങി.
രാത്രി ഒരുക്കുന്ന ശാന്തമായ പശ്ചാത്തലത്തിൽ താനും തറവാടിന്റെ അകത്തളങ്ങളും വീണ്ടുമൊരിക്കൽ കൂടി സംഗമിക്കുന്നു. മനസ് സംതൃപ്തമാവുകയാണോ? പ്രിയപ്പെട്ടവർ ആരൊക്കെയോ ഇപ്പോഴും ഇവിടെത്തന്നെയുണ്ടെന്ന തോന്നൽ!
മെല്ലെ വീട് സംസാരിച്ചു തുടങ്ങി. ആർക്കൊക്കെയോ വേണ്ടി. വാക്കുകളിലൂടെയല്ല, പുറത്തെ ഇലകളുടെ മൃദുവായ മുഴക്കത്തിൽ, ആടുന്ന വാതിലുകളുടെയും ജനാലകളുടെയും നേരിയ ഞരക്കത്തിൽ, ഓർമകളിൽ മാത്രം നിലനിൽക്കുന്ന കാല്പാടുകളുടെ നേർത്ത പ്രതിധ്വനികളിൽ.
വീണ്ടുമൊരു ഉത്സവകാലത്തിനു കൂടാൻ വന്ന എല്ലാവരുടെയും കളിചിരിമുഴക്കങ്ങൾ ഓർമയിൽ വീണ്ടും കേട്ടു. ആ ശബ്ദങ്ങൾക്കിടയിൽ എവിടെയോ ഒരു പെൺകുട്ടിയുടെ ചിരി താൻ കേട്ടു; ദേവലക്ഷ്മിയുടെ വ്യക്തവും, മനോഹരവുമായ ചിരി!
ഓർമകളെ പിന്തുടരുകയായിരുന്നില്ല താൻ, മറിച്ച് അവയെ വരാനും തന്നിൽകൂടി കടന്നുപോകാനും അനുവദിക്കുകയായിരുന്നു.
മലയടിവാരത്തിൽ പൂർണമായും ഇരുൾ വന്നുനിറഞ്ഞു. സ്വർഗീയമായൊരു സാമീപ്യം. ഇവിടെയില്ലാതിരുന്ന കാലത്ത് താൻ അനുഭവിച്ചിട്ടില്ലാത്ത എന്തൊക്കെയോ അനുഭൂതികൾ തന്നെ തേടിവരികയാണെന്ന തോന്നൽ. എന്തൊക്കെയോ ആലോചിച്ചുപോകുന്നു. പിന്നിട്ട വഴികൾ, എന്തൊക്കെയായാലും ജീവിതത്തെ അപൂർണമാക്കുന്ന കാലത്തിന്റെ കല്പനകൾ, ഒരു ജന്മത്തിന് ഒരിക്കലും നേടാൻ കഴിയാത്ത നിഷിദ്ധമന്ത്രങ്ങൾ…
മൂന്നു കാലങ്ങളിൽ എപ്പോഴും ഭാവിയെയും വർത്തമാനത്തെയും കുറിച്ച് മാത്രം ചിന്തിച്ചിരുന്ന താൻ അന്നാദ്യമായി ഭൂതകാലത്തിൽ വിഹരിക്കുന്നതിന്റെ സുഖമറിഞ്ഞു.
നഷ്ടപ്പെട്ടുപോയ സ്നേഹബന്ധങ്ങൾ ഈ രാത്രി തിരിച്ചുകിട്ടുന്നതായി തോന്നി. ശാന്തി നേടിയ ആത്മാക്കളുടെ സാന്ത്വനങ്ങൾ, പഴകിയ ഓർമകളുടെ കെട്ടിടത്തിൽ വീണ്ടും ആളനക്കം. സ്വതേ ദുർബലമായ മനസ് വീണ്ടും കലുഷിതമാവുകയാണോ?
ഓർമ്മകൾ അയവിറക്കുന്നതിന്റെ അനിർവചനീയമായ മധുരിമയിൽ മനസ് വീണ്ടും ശാന്തമാകുമ്പോൾ തന്റെ ഹൃദയമിടിപ്പുകളും ഇരുളിന്റെ സ്പന്ദനങ്ങളും തമ്മിൽ വേർപാടിന്റെ കാലത്തെ കഥകൾ പങ്കുവെയ്ക്കുകയായിരുന്നു.
രാത്രി…അസുലഭമായ ചില നിമിഷങ്ങൾ. ഈയൊരു രാത്രി, താൻ വീണ്ടും ആ പഴയ സേതുവാകുന്നത് താനറിഞ്ഞു.
Leave a Reply